Monday, 14 March 2016

അജ്ഞാതമായിത്തന്നെ നിൽക്കുന്നു

കവിത എഴുതാനാവാത്തതുപോലുള്ള
കാലാവസ്ഥകളിൽ
പാർക്കുന്ന മൃഗം
പുറം തൊലിയിൽനിന്ന്
ഊർന്നുവരുന്നു
അതിന്റെ മുള്ളുകൾ
അത് മേലുരഞ്ഞിട്ടുണ്ടോ
ചോരപൊടിഞ്ഞെങ്കിൽ
തുടച്ചുമാറ്റിയ
തൂവാല ഇപ്പോഴും കയ്യിലുണ്ടോ
കാലാവസ്ഥകളിൽ നിന്ന്
സ്വയം പിൻവലിക്കുന്ന മൃഗം.
നിന്റെ വാസസ്ഥാനം
ശരിക്കറിയാത്ത
കൊച്ചു പൂച്ചകളുണ്ട്.
കണ്ടിട്ടുണ്ടോ
എന്ന്
നമ്മോട് ചോദിക്കുമ്പോലെ
2
കവിതയോടിപ്പോഴിപ്പോൾ
ഉടക്കുന്നതുപോലെ
ഒരാൾ
അതിനെ
വളർത്തിയിരുന്നെന്ന്
കേട്ടിട്ടുണ്ട്.
അതിനെപ്പറ്റി
ഒന്നും അറിയാതിരിക്കുന്നതിലുള്ള
അവ്യക്തതകൾ,
അവ്യക്തതകൾ
ഇട്ടുതരുന്ന
നഖപ്പാടുകൾ
പിന്നെപ്പിന്നെ
വിയർപ്പുകിനിയുമ്പോൾ
കാറ്റടിക്കുന്നതുപോലെ
വിയർപ്പ്
മുരളുമ്പോൾ
നീറുന്ന നീറലുകൾ
അതാണോ
ഇവിടെ വിഷയം
അറിഞ്ഞിടത്തോളം
ഒരു മൃഗത്തിന്
പങ്കെടുക്കാനാവുന്ന
ചോരയെപ്പറ്റിയാണ്
കാര്യങ്ങൾ.
നീറട്ടെ
3
ഒരു മൃഗത്തിന്
സ്കെച്ചുവീഴുന്നു
എന്ന പാട്ട്
തെരുവിൽ വെയ്ക്കുന്നു
അല്ലെങ്കിൽത്തന്നെ
എന്താണത് ചെയ്യുന്നത്
നമുക്കതിൽ
എന്തുണ്ട് വിഹ്വലതകൾ
ഉള്ളം കൈപോലെയാണ്
ചതിയൻ തെരുവേ
നിന്റെ കുതറലിരപിടികൾ
എന്ന്
അത്
തിരിച്ചു പാടുമോ
എന്നിട്ട് ഓടുമോ

ഇരുകാലി(അനാവശ്യസൂചനകളിൽ)

രണ്ട് സുഹൃത്തുക്കൾ
റിയർവ്യൂ മിററിൽ തെളിഞ്ഞുകാണുന്ന
പിൻ നിലാവിന്റെ
കെയറോഫിൽ
ബൈക്കോടിച്ചു പോകുന്നു.*
പിന്നിലിരിക്കുന്നയാൾ**
അതിഗഹനമായ
ഒരു മടക്കുരീതിയിൽ
മടക്കിയെടുത്ത
കപ്പലണ്ടിപ്പൊതിയിൽ നിന്ന്,
പിന്നിലിരിക്കുന്നവന്റെ
ഇന്ധനം എന്ന മട്ടിൽ
കപ്പലണ്ടി..
തിന്നുന്നു.
മുന്നിലെയാൾ,
പിന്നിലിരിക്കുന്നവനെ
കാത്തുനിൽക്കെ
തന്റെ
കപ്പലണ്ടിപ്പൊതി
അഴിച്ചതാണ്,
സിഗരറ്റിന്റെ ചാരം പോലെ
അതിന്റെ തൊലി
കയ്യിലിട്ടു ഞരടി
പറത്തിയതാണ്,
മുന്നേ.
വലിഞ്ഞുകേറി,അപ്പോൾ വരുന്നു,
(ഇപ്പോൾ)പിന്നിലിരിക്കുന്നവൻ,
യാത്രോദ്യുക്തൻ.

ബൈക്ക്
അട്ടിമറി സാധ്യത
എല്ലായ്പോഴും
നിലനിർത്തുന്ന
ഇരുകാലി.
പൂർണ്ണമനസ്സോടെ
റെയിൽവേ ക്രോസ്സിൽ
ചെന്നു പെടുന്നു,
പെട്ടുപോകുന്നു.***
തണുപ്പ്
ചുറ്റിപ്പിണയുന്ന
പിന്നിലിരിക്കുന്നവന്റെ
ചെവിമടക്കിൽ
വെളിച്ചം വീണുകിടക്കുന്നതിന്റെ
സമീപദൃശ്യം
പ്രസ്തുത നഗരത്തിന്റെ
പൊതുക്യാമറയിൽ.

വേനലിൽ,
ഉദ്ധരിച്ച നഗരഭാഗങ്ങളിലൂടെ
കടന്നുപോകുമ്പോൾ
ഗിയറിനുമുകളിൽ
അനിയന്ത്രിതമായി
അക്രമാസക്തനായിരുന്ന
ഒരു ദീർഘദൂര ബസ് ഡ്രെവറെ
കുട്ടിക്കാലത്തുനിന്നും
അവിചാരിതം,
അവരോർത്തെടുക്കുന്നു.
ബൈക്ക്
മാരക മലമ്പാതകളിലേക്ക്
കടക്കുന്നു.****
-------------------------------------------------------------------------------------
*ഇവിടെ, സന്ദർഭം ആവശ്യപ്പെടുന്ന സ്ഥലരാശി
ആരെയും അമ്പരപ്പിക്കുന്നത്.
പട്ടാളബൂട്ടുകളുടെ മട്ടിൽ
അതികാർക്കശ്യത്തോടെ മേവുന്ന
നഗരം.
ബൈക്ക്
അപകടകരമായ
ഒരു താരാട്ടിലെന്നോണം
അതിലൂടോടുന്നു.

** വാഹനത്തിന്റെ ചലനത്തിൽ
തനിക്ക് പങ്കില്ല എന്ന മനസ്സിലാക്കലോടു കൂടി
ഏതാണ്ടൊരു ശൂന്യതയെ ഷർട്ടിന്റെ കോളറിൽ
നിർബന്ധപൂർവം കുടുക്കിട്ട് സൂക്ഷിക്കുന്ന-

***കടന്നുപോകാനിരിക്കുന്ന
ഒരു തീവണ്ടിക്കായി
ഒതുങ്ങിക്കൊടുക്കുന്നു.
ഒരിടത്ത്
വളരെയൊതുക്കത്തിൽ
കാത്തുനിൽപ്പിൽ
ഏർപ്പെടുന്നു.
ആയുധങ്ങളുമായി
കടന്നുപോകുന്ന തീവണ്ടി
കടന്നുപോകുന്നു.

****ശേഷം
ബൈക്ക്
ണ്ടു യാത്രക്കാരിലും
പൊതുവായി പാർക്ക് ചെയ്യപ്പെടുന്നു.

Friday, 4 September 2015

ഇനിയൊരിക്കലും തുറന്നിടില്ല വാതിലുകൾ

പരിചിത സ്വിച്ചുകൾ
പാടേ മറന്നുകഴിഞ്ഞിരിക്കിലും

പതിവായ്
വിരലുകൾ കടത്തി
തുളച്ചു തുളച്ചു പോകുന്ന 
പ്ലഗ്ഗുകളെ
ഗുഹാചിത്രങ്ങളെന്നു നിനച്ച്
അവിടവിടങ്ങളിൽ
അപ്രസക്തമായ് കോറി വരയുകിലും

വീടിന്റെ വിള്ളലുകളിലേക്ക്
അയാൾക്കിപ്പോഴും
കടന്നിരിക്കാം.

നിരന്തരമായി
ഇറങ്ങിപ്പോകുന്ന അതിഥീ
എന്റെ ചുമരിലെ
ഫ്രെയിം ചെയ്യപ്പെട്ട
ചിത്രങ്ങൾക്കുപിറകിലെ
ആണിപ്പഴുതുകളിലെ
വേട്ടാളന്മാരുടെ
വളരെച്ചെറിയ കുഞ്ഞുങ്ങളുടെ
മധ്യവയസ്കനായ
അപരിചിത സുഹൃത്തേ

വീട് അയാളെ
നീട്ടിവിളിക്കാൻ ഉത്സാഹിക്കും മുൻപ്
അയാൾ
കടന്നിരുന്നിറങ്ങിപ്പോയി-
ക്കഴിഞ്ഞിരിക്കും.

ഉറങ്ങിക്കിടക്കുന്ന
കുഞ്ഞുങ്ങളുടെ
അരയിലെ ചരടുകൾ/
ചങ്ങലകൾ/ഞാഞ്ഞൂൾത്തണ്ടുകൾ
താൽക്കാലികമായി
അഴിച്ചെടുത്ത്
സ്ഥിരതാമസക്കാരയാളെ
കട്ടിലിനോടു കെട്ടിയിടുന്നു.
കട്ടിലയാളെ കെട്ടിക്കെട്ടിപ്പിടിക്കുന്നു.

പുലർച്ചെ
തലേന്നുകിടന്നുറങ്ങിപ്പോകും മുമ്പ്
തലയ്ക്കുമുകളിൽ
അമർത്തിവെച്ച
ഇസ്തിരിപ്പെട്ടിയിൽ നിന്ന്
മരിച്ചവരുടെ
ഉഷ്ണവായു കിനിഞ്ഞിറങ്ങി നിറയവേ

ജനൽക്കമ്പികളിൽ
അടുക്കടുക്കായ്/
ക്രമരഹിതമായ്/
അനാകർഷകോദ്യാനങ്ങളെന്ന മട്ടിൽ
തിരുകിവെച്ചിരുന്ന
പുസ്തകങ്ങൾ
ആഴ്ച്ചപ്പതിപ്പുകൾ
പത്രങ്ങൾ
സപ്ലിമെന്റുകൾ
പാതിരാഡയറികൾ
ചിതൽത്തോട്ടങ്ങൾ

വിജാഗിരികളിൽ നിന്ന്
അസമയത്തുമാത്രം
പുറപ്പെടുന്ന
ഒരു ലോഹവിനിമയത്തിൽ
ഇളകിവിറയ്ക്കവേ

പതിവിലും നേരത്തേ
അയാളുണർന്നുറങ്ങിപ്പോയ്.

              2
നാരുകളുടെ
സുഖകരമായ ഓർമയുണർത്തുന്നുവെങ്കിലും
അടുപ്പിക്കാൻ കൊള്ളില്ലാത്ത
ഞരമ്പുകളിൽ ഒളിച്ചു പാർക്കുന്ന
ചിലന്തികളേ
വാടകക്കുടിശ്ശിക കൃത്യമായി തീർപ്പാക്കിയ ശേഷം
നിങ്ങൾക്കൊഴിഞ്ഞു
തന്നാലെന്താ?

പണ്ട്
ഗിറ്റാറിൽ
അയാൾ സ്ഥിരമായി
വായിക്കാറുണ്ടായിരുന്ന
ഈ പാട്ട്

ഇപ്പോൾ പിടിച്ച
പൂപ്പലിൽ
നനഞ്ഞുകിടക്കുന്ന
കറുത്ത
ഗിറ്റാർ ബാഗിൽ നിന്ന്
അയാളുടെ
പുത്തൻ സാന്നിധ്യത്തെപ്പറ്റിയുള്ള
മറ്റൊരു പാട്ട്
മൂ
ളുന്നു.

നിങ്ങളാണയാളെ
കിടത്തിയുറക്കിയത്.
നിങ്ങൾ തന്നെ
പാകം ചെയ്തെടുക്കണം
അയാൾക്കുള്ള
മൊരിവുകൾ.

അപരിചിത സ്വിച്ചുകളെപ്രതി
ഒരു സ്വപ്നത്തിൽ
ലൈറ്റിടാനയാൾ
വിങ്ങിയുണരുന്നു.

എന്റെ മൊരിവുകൾ
എന്റെ നാവുകൾക്കറിയാം
എന്റെയടുക്കളകളിൽ
എന്റെ മാത്രം
അടുക്കുചിട്ടകൾ

എന്ന മട്ടിൽ

അടുക്കളയിലേക്ക്
കുളിമുറികളിലൂടെ
ഷവർ വിളുമ്പുകളിലൂടെ
ഇട/ഊടുവഴികളിലൂടെ
നീങ്ങുന്നു.

Saturday, 7 March 2015

തൊട്ടിൽ

ഉറക്കം;
ഉറക്കത്തിന്റെ
മാറാലകൾ
മാറാലമാലകൾ
തട്ടിയും
വകഞ്ഞും
കഷ്ടപ്പെടുന്ന
ഒരാൾ തന്നെ
എന്നു കിട്ടുന്നു.

അസമയം

കിളികളിൽ
ചിലയ്ക്കുന്നതായും
കിളിക്കൂടുകൾ
ഉറക്കത്തിൽ പെട്ടവന്റെ
ചുണ്ടുകൾ പോലെ
ബോധമറ്റതായും.

ഉറക്കം

ഒരു റ്റ്യൂബ്‌ലൈറ്റ് 
കത്തിക്കുന്നു.
മിന്നി
മിന്നി
വലിക്കുന്നു.

ഫ്ലാഷ്ബാക്ക്

ഒന്നിലേറെ 
കവിതകളെഴുതിയ 
ഒരു ദിവസമാണ് 
കടന്നു പോകുന്നത്. 

ജീൻസിൻറെ അടിമടക്കുകൾ 
നിവർത്തിയെടുക്കുമ്പോൾ 
പൊടിക്കു പകരം 
ചോര ചാടുന്നതിൽ
ഇന്ന് അത്ഭുതമില്ല.

വീട്ടിലേക്കുപോരുംവഴി
ആൾപ്പാർപ്പില്ലാത്ത
മറ്റു വീടുകളെ
ചൂലുകൊണ്ടടിച്ചു കൂട്ടി
മുറം വെച്ചു വാരുന്ന
ഒരാളെ
കണ്ടതായും
വിട്ടുകളഞ്ഞതായും
ഓർമ്മയിൽ
കാണുന്നു.

ഒരു കുട്ടി
അനേകം കുട്ടികളെ
അവരുടെ പുസ്തകങ്ങളിൽ
നിന്ന് ചീന്തി
വിമാനമാക്കിയത്
കാൽച്ചോട്ടിൽ
വീണു.

ഒന്നിലേറെ
എന്ന പ്രശ്നം
കാര്യമാക്കാതെ
ഈ ദിവസത്തിൻറെ
മൂക്കൊലിപ്പു
തുടയ്ക്കാൻ
പറിച്ചെടുത്തു കൊടുക്കാം
ഇവറ്റയെ.