പരിചിത സ്വിച്ചുകൾ
പാടേ മറന്നുകഴിഞ്ഞിരിക്കിലും
പതിവായ്
വിരലുകൾ കടത്തി
തുളച്ചു തുളച്ചു പോകുന്ന
പ്ലഗ്ഗുകളെ
ഗുഹാചിത്രങ്ങളെന്നു നിനച്ച്
അവിടവിടങ്ങളിൽ
അപ്രസക്തമായ് കോറി വരയുകിലും
വീടിന്റെ വിള്ളലുകളിലേക്ക്
അയാൾക്കിപ്പോഴും
കടന്നിരിക്കാം.
നിരന്തരമായി
ഇറങ്ങിപ്പോകുന്ന അതിഥീ
എന്റെ ചുമരിലെ
ഫ്രെയിം ചെയ്യപ്പെട്ട
ചിത്രങ്ങൾക്കുപിറകിലെ
ആണിപ്പഴുതുകളിലെ
വേട്ടാളന്മാരുടെ
വളരെച്ചെറിയ കുഞ്ഞുങ്ങളുടെ
മധ്യവയസ്കനായ
അപരിചിത സുഹൃത്തേ
വീട് അയാളെ
നീട്ടിവിളിക്കാൻ ഉത്സാഹിക്കും മുൻപ്
അയാൾ
കടന്നിരുന്നിറങ്ങിപ്പോയി-
ക്കഴിഞ്ഞിരിക്കും.
ഉറങ്ങിക്കിടക്കുന്ന
കുഞ്ഞുങ്ങളുടെ
അരയിലെ ചരടുകൾ/
ചങ്ങലകൾ/ഞാഞ്ഞൂൾത്തണ്ടുകൾ
താൽക്കാലികമായി
അഴിച്ചെടുത്ത്
സ്ഥിരതാമസക്കാരയാളെ
കട്ടിലിനോടു കെട്ടിയിടുന്നു.
കട്ടിലയാളെ കെട്ടിക്കെട്ടിപ്പിടിക്കുന്നു.
പുലർച്ചെ
തലേന്നുകിടന്നുറങ്ങിപ്പോകും മുമ്പ്
തലയ്ക്കുമുകളിൽ
അമർത്തിവെച്ച
ഇസ്തിരിപ്പെട്ടിയിൽ നിന്ന്
മരിച്ചവരുടെ
ഉഷ്ണവായു കിനിഞ്ഞിറങ്ങി നിറയവേ
ജനൽക്കമ്പികളിൽ
അടുക്കടുക്കായ്/
ക്രമരഹിതമായ്/
അനാകർഷകോദ്യാനങ്ങളെന്ന മട്ടിൽ
തിരുകിവെച്ചിരുന്ന
പുസ്തകങ്ങൾ
ആഴ്ച്ചപ്പതിപ്പുകൾ
പത്രങ്ങൾ
സപ്ലിമെന്റുകൾ
പാതിരാഡയറികൾ
ചിതൽത്തോട്ടങ്ങൾ
വിജാഗിരികളിൽ നിന്ന്
അസമയത്തുമാത്രം
പുറപ്പെടുന്ന
ഒരു ലോഹവിനിമയത്തിൽ
ഇളകിവിറയ്ക്കവേ
പതിവിലും നേരത്തേ
അയാളുണർന്നുറങ്ങിപ്പോയ്.
2
നാരുകളുടെ
സുഖകരമായ ഓർമയുണർത്തുന്നുവെങ്കിലും
അടുപ്പിക്കാൻ കൊള്ളില്ലാത്ത
ഞരമ്പുകളിൽ ഒളിച്ചു പാർക്കുന്ന
ചിലന്തികളേ
വാടകക്കുടിശ്ശിക കൃത്യമായി തീർപ്പാക്കിയ ശേഷം
നിങ്ങൾക്കൊഴിഞ്ഞു
തന്നാലെന്താ?
പണ്ട്
ഗിറ്റാറിൽ
അയാൾ സ്ഥിരമായി
വായിക്കാറുണ്ടായിരുന്ന
ഈ പാട്ട്
ഇപ്പോൾ പിടിച്ച
പൂപ്പലിൽ
നനഞ്ഞുകിടക്കുന്ന
കറുത്ത
ഗിറ്റാർ ബാഗിൽ നിന്ന്
അയാളുടെ
പുത്തൻ സാന്നിധ്യത്തെപ്പറ്റിയുള്ള
മറ്റൊരു പാട്ട്
മൂ
ളുന്നു.
നിങ്ങളാണയാളെ
കിടത്തിയുറക്കിയത്.
നിങ്ങൾ തന്നെ
പാകം ചെയ്തെടുക്കണം
അയാൾക്കുള്ള
മൊരിവുകൾ.
അപരിചിത സ്വിച്ചുകളെപ്രതി
ഒരു സ്വപ്നത്തിൽ
ലൈറ്റിടാനയാൾ
വിങ്ങിയുണരുന്നു.
എന്റെ മൊരിവുകൾ
എന്റെ നാവുകൾക്കറിയാം
എന്റെയടുക്കളകളിൽ
എന്റെ മാത്രം
അടുക്കുചിട്ടകൾ
എന്ന മട്ടിൽ
അടുക്കളയിലേക്ക്
കുളിമുറികളിലൂടെ
ഷവർ വിളുമ്പുകളിലൂടെ
ഇട/ഊടുവഴികളിലൂടെ
നീങ്ങുന്നു.