Monday, 14 March 2016

കവിത എഴുതാനാവാത്തതുപോലുള്ള
കാലാവസ്ഥകളിൽ
പാർക്കുന്ന മൃഗം
പുറം തൊലിയിൽനിന്ന്
ഊർന്നുവരുന്നു
അതിന്റെ മുള്ളുകൾ
അത് മേലുരഞ്ഞിട്ടുണ്ടോ
ചോരപൊടിഞ്ഞെങ്കിൽ
തുടച്ചുമാറ്റിയ
തൂവാല ഇപ്പോഴും കയ്യിലുണ്ടോ
കാലാവസ്ഥകളിൽ നിന്ന്
സ്വയം പിൻവലിക്കുന്ന മൃഗം.
നിന്റെ വാസസ്ഥാനം
ശരിക്കറിയാത്ത
കൊച്ചു പൂച്ചകളുണ്ട്.
കണ്ടിട്ടുണ്ടോ
എന്ന്
നമ്മോട് ചോദിക്കുമ്പോലെ
2
കവിതയോടിപ്പോഴിപ്പോൾ
ഉടക്കുന്നതുപോലെ
ഒരാൾ
അതിനെ
വളർത്തിയിരുന്നെന്ന്
കേട്ടിട്ടുണ്ട്.
അതിനെപ്പറ്റി
ഒന്നും അറിയാതിരിക്കുന്നതിലുള്ള
അവ്യക്തതകൾ,
അവ്യക്തതകൾ
ഇട്ടുതരുന്ന
നഖപ്പാടുകൾ
പിന്നെപ്പിന്നെ
വിയർപ്പുകിനിയുമ്പോൾ
കാറ്റടിക്കുന്നതുപോലെ
വിയർപ്പ്
മുരളുമ്പോൾ
നീറുന്ന നീറലുകൾ
അതാണോ
ഇവിടെ വിഷയം
അറിഞ്ഞിടത്തോളം
ഒരു മൃഗത്തിന്
പങ്കെടുക്കാനാവുന്ന
ചോരയെപ്പറ്റിയാണ്
കാര്യങ്ങൾ.
നീറട്ടെ
3
ഒരു മൃഗത്തിന്
സ്കെച്ചുവീഴുന്നു
എന്ന പാട്ട്
തെരുവിൽ വെയ്ക്കുന്നു
അല്ലെങ്കിൽത്തന്നെ
എന്താണത് ചെയ്യുന്നത്
നമുക്കതിൽ
എന്തുണ്ട് വിഹ്വലതകൾ
ഉള്ളം കൈപോലെയാണ്
ചതിയൻ തെരുവേ
നിന്റെ കുതറലിരപിടികൾ
എന്ന്
അത്
തിരിച്ചു പാടുമോ
എന്നിട്ട് ഓടുമോ
പിന്നേേ

ഇരുകാലി(അനാവശ്യസൂചനകളിൽ)

രണ്ട് സുഹൃത്തുക്കൾ
റിയർവ്യൂ മിററിൽ തെളിഞ്ഞുകാണുന്ന
പിൻ നിലാവിന്റെ
കെയറോഫിൽ
ബൈക്കോടിച്ചു പോകുന്നു.*

പിന്നിലിരിക്കുന്നയാൾ**
അതിഗഹനമായ
ഒരു മടക്കുരീതിയിൽ
മടക്കിയെടുത്ത
കപ്പലണ്ടിപ്പൊതിയിൽ നിന്ന്,
പിന്നിലിരിക്കുന്നവന്റെ
ഇന്ധനം എന്ന മട്ടിൽ
കപ്പലണ്ടി..
തിന്നുന്നു.

മുന്നിലെയാൾ,
പിന്നിലിരിക്കുന്നവനെ
കാത്തുനിൽക്കെ
തന്റെ
കപ്പലണ്ടിപ്പൊതി
അഴിച്ചതാണ്,

സിഗരറ്റിന്റെ ചാരം പോലെ
അതിന്റെ തൊലി
കയ്യിലിട്ടു ഞരടി
പറത്തിയതാണ്,
മുന്നേ.
വലിഞ്ഞുകേറി,അപ്പോൾ വരുന്നു,
(ഇപ്പോൾ)പിന്നിലിരിക്കുന്നവൻ,
യാത്രോദ്യുക്തൻ.
ബൈക്ക്
അട്ടിമറി സാധ്യത
എല്ലായ്പോഴും
നിലനിർത്തുന്ന
ഇരുകാലി.

പൂർണ്ണമനസ്സോടെ
റെയിൽവേ ക്രോസ്സിൽ
ചെന്നു പെടുന്നു,
പെട്ടുപോകുന്നു.***
തണുപ്പ്ചു
റ്റിപ്പിണയുന്ന
പിന്നിലിരിക്കുന്നവന്റെ
ചെവിമടക്കിൽ
വെളിച്ചം വീണുകിടക്കുന്നതിന്റെ
സമീപദൃശ്യം
പ്രസ്തുത നഗരത്തിന്റെ
പൊതുക്യാമറയിൽ.
വേനലിൽ,
ഉദ്ധരിച്ച നഗരഭാഗങ്ങളിലൂടെ
കടന്നുപോകുമ്പോൾ
ഗിയറിനുമുകളിൽ
അനിയന്ത്രിതമായി
അക്രമാസക്തനായിരുന്ന
ഒരു ദീർഘദൂര ബസ് ഡ്രെവറെ
കുട്ടിക്കാലത്തുനിന്നും
അവിചാരിതം,
അവരോർത്തെടുക്കുന്നു.
ബൈക്ക്
മാരക മലമ്പാതകളിലേക്ക്ക
ടക്കുന്നു.****
-------------------------------------------------------------------------------------
*ഇവിടെ, സന്ദർഭം ആവശ്യപ്പെടുന്ന സ്ഥലരാശി
ആരെയും അമ്പരപ്പിക്കുന്നത്.
പട്ടാളബൂട്ടുകളുടെ മട്ടിൽ
അതികാർക്കശ്യത്തോടെ മേ/വേവുന്ന
നഗരം.
ഹിംസാത്മകമായി
തൈരു കടയുന്ന
ഒരു അധികാര യന്ത്രം സങ്കൽപ്പിക്കുക,
അത്തരത്തിലൊന്ന്നി
ർത്താതെ കടഞ്ഞെടുത്ത്നി
രത്തിലിറക്കുന്ന നിലാവാണ് വിവക്ഷ.
ബൈക്ക്
അപകടകരമായ
ഒരു താരാട്ടിലെന്നോണം
അതിലൂടോടുന്നു.
** വാഹനത്തിന്റെ ചലനത്തിൽ
തനിക്ക് പങ്കില്ല എന്ന മനസ്സിലാക്കലോടു കൂടി
ഏതാണ്ടൊരു ശൂന്യതയെ ഷർട്ടിന്റെ കോളറിൽ
നിർബന്ധപൂർവം കുടുക്കിട്ട് സൂക്ഷിക്കുന്ന-
***കടന്നുപോകാനിരിക്കുന്ന
ഒരു തീവണ്ടിക്കായി
ഒതുങ്ങിക്കൊടുക്കുന്നു.
ഒരിടത്ത്
വളരെയൊതുക്കത്തിൽ
കാത്തുനിൽപ്പിൽ
ഏർപ്പെടുന്നു.
ആയുധങ്ങളുമായി
കടന്നുപോകുന്ന തീവണ്ടി
കടന്നുപോകുന്നു.
****ശേഷം
ബൈക്ക്
ണ്ടു യാത്രക്കാരിലും
പൊതുവായി പാർക്ക് ചെയ്യപ്പെടുന്നു.

Friday, 4 September 2015

ഇനിയൊരിക്കലും തുറന്നിടില്ല വാതിലുകൾ

പരിചിത സ്വിച്ചുകൾ
പാടേ മറന്നുകഴിഞ്ഞിരിക്കിലും

പതിവായ്
വിരലുകൾ കടത്തി
തുളച്ചു തുളച്ചു പോകുന്ന 
പ്ലഗ്ഗുകളെ
ഗുഹാചിത്രങ്ങളെന്നു നിനച്ച്
അവിടവിടങ്ങളിൽ
അപ്രസക്തമായ് കോറി വരയുകിലും

വീടിന്റെ വിള്ളലുകളിലേക്ക്
അയാൾക്കിപ്പോഴും
കടന്നിരിക്കാം.

നിരന്തരമായി
ഇറങ്ങിപ്പോകുന്ന അതിഥീ
എന്റെ ചുമരിലെ
ഫ്രെയിം ചെയ്യപ്പെട്ട
ചിത്രങ്ങൾക്കുപിറകിലെ
ആണിപ്പഴുതുകളിലെ
വേട്ടാളന്മാരുടെ
വളരെച്ചെറിയ കുഞ്ഞുങ്ങളുടെ
മധ്യവയസ്കനായ
അപരിചിത സുഹൃത്തേ

വീട് അയാളെ
നീട്ടിവിളിക്കാൻ ഉത്സാഹിക്കും മുൻപ്
അയാൾ
കടന്നിരുന്നിറങ്ങിപ്പോയി-
ക്കഴിഞ്ഞിരിക്കും.

ഉറങ്ങിക്കിടക്കുന്ന
കുഞ്ഞുങ്ങളുടെ
അരയിലെ ചരടുകൾ/
ചങ്ങലകൾ/ഞാഞ്ഞൂൾത്തണ്ടുകൾ
താൽക്കാലികമായി
അഴിച്ചെടുത്ത്
സ്ഥിരതാമസക്കാരയാളെ
കട്ടിലിനോടു കെട്ടിയിടുന്നു.
കട്ടിലയാളെ കെട്ടിക്കെട്ടിപ്പിടിക്കുന്നു.

പുലർച്ചെ
തലേന്നുകിടന്നുറങ്ങിപ്പോകും മുമ്പ്
തലയ്ക്കുമുകളിൽ
അമർത്തിവെച്ച
ഇസ്തിരിപ്പെട്ടിയിൽ നിന്ന്
മരിച്ചവരുടെ
ഉഷ്ണവായു കിനിഞ്ഞിറങ്ങി നിറയവേ

ജനൽക്കമ്പികളിൽ
അടുക്കടുക്കായ്/
ക്രമരഹിതമായ്/
അനാകർഷകോദ്യാനങ്ങളെന്ന മട്ടിൽ
തിരുകിവെച്ചിരുന്ന
പുസ്തകങ്ങൾ
ആഴ്ച്ചപ്പതിപ്പുകൾ
പത്രങ്ങൾ
സപ്ലിമെന്റുകൾ
പാതിരാഡയറികൾ
ചിതൽത്തോട്ടങ്ങൾ

വിജാഗിരികളിൽ നിന്ന്
അസമയത്തുമാത്രം
പുറപ്പെടുന്ന
ഒരു ലോഹവിനിമയത്തിൽ
ഇളകിവിറയ്ക്കവേ

പതിവിലും നേരത്തേ
അയാളുണർന്നുറങ്ങിപ്പോയ്.

              2
നാരുകളുടെ
സുഖകരമായ ഓർമയുണർത്തുന്നുവെങ്കിലും
അടുപ്പിക്കാൻ കൊള്ളില്ലാത്ത
ഞരമ്പുകളിൽ ഒളിച്ചു പാർക്കുന്ന
ചിലന്തികളേ
വാടകക്കുടിശ്ശിക കൃത്യമായി തീർപ്പാക്കിയ ശേഷം
നിങ്ങൾക്കൊഴിഞ്ഞു
തന്നാലെന്താ?

പണ്ടുകളിൽ
ഗിറ്റാറുകളിൽ
അയാൾ സ്ഥിരമായി
വായിക്കാറുണ്ടായിരുന്ന
ഈ പാട്ട്

ഇപ്പോൾ പിടിച്ച
പൂപ്പലിൽ
നനഞ്ഞുകിടക്കുന്ന
കറുത്ത
ഗിറ്റാർ ബാഗുകളിൽ നിന്ന്
അയാളുടെ
പുത്തൻ സാന്നിധ്യത്തെപ്പറ്റിയുള്ള
മറ്റൊരു പാട്ട്
മൂ
ളുന്നു.

നിങ്ങളാണയാളെ
കിടത്തിയുറക്കിയത്.
നിങ്ങൾ തന്നെ
പാകം ചെയ്തെടുക്കണം
അയാൾക്കുള്ള
മൊരിവുകൾ.

അപരിചിത സ്വിച്ചുകളെപ്രതി
ഒരു സ്വപ്നത്തിൽ
ലൈറ്റിടാനയാൾ
വിങ്ങിയുണരുന്നു.

എന്റെ മൊരിവുകൾ
എന്റെ നാവുകൾക്കറിയാം
എന്റെയടുക്കളകളിൽ
എന്റെ മാത്രം
അടുക്കുചിട്ടകൾ

എന്ന മട്ടിൽ

അടുക്കളയിലേക്ക്
കുളിമുറികളിലൂടെ
ഷവർ വിളുമ്പുകളിലൂടെ
ഇട/ഊടുവഴികളിലൂടെ
നീങ്ങുന്നു.

Friday, 22 May 2015

അതിഥികളുടെ വീട്

കാറ്റ്,
വീശുകയോ
മറ്റൊരു കാറ്റിന്
അതിരിടുകയോ ചെയ്യുന്ന
ഗ്രാമം.

ഞാൻ കയറിച്ചെല്ലുമ്പോൾ
അവൾ മാറാല തൂക്കുകയായിരുന്നു.
(ഒന്ന്,ഉമ്മറത്തിന്റെ പടർപ്പുകളിൽ
വളർന്നുവരുന്ന മാറാലകൾ
പണ്ടുപണ്ട് ഒഴിവുനേരങ്ങളിൽ
നീണ്ട കമ്പുകളിൽ ചുറ്റി
അമ്മ എടുത്തുമാറ്റാറുണ്ടായിരുന്ന
ഒരു പണി.
രണ്ട്,ഉമ്മറം അതിന്റെ കാട്ടുവളപ്പുകളിൽ
നിരത്തി ആണിയടിച്ചുവെച്ച
ഫോട്ടോകളിൽ മാറാല അടുക്കിയൊതുക്കി
തൂക്കിവെയ്ക്കുന്ന മറ്റൊരു പണി.)

ഞാൻ കയറിച്ചെല്ലുമ്പോൾ
അതങ്ങനെയായിരുന്നു.

തുറമുഖം ആഴങ്ങളിൽ നിന്ന്
മീനുകളെ തള്ളിവിടും പോലെ
കണ്ണിൽ നിന്ന് ഒരാന്തൽ
അകത്തേക്കിട്ട്
അവൾ നിവർന്നു.

അപരിചിതമായ
ഒരു വണ്ടിയുടെ
നമ്പർപ്ലെയ്റ്റു പോലെ
കൂടുതൽ അപരിചിതൻ ഞാൻ.

തൂണിൽ നിന്ന്
അടർന്നുപോന്ന
തിണ്ടിന്റെ ഓർമയിൽ
ഇരുന്നു.

ചായയെക്കുറിച്ച്
പ്രതീക്ഷ വേണ്ടാത്ത
അതിഥിയുടെ സ്വാതന്ത്ര്യം
ഉണ്ടാക്കാനിടയില്ലാത്ത ചായയിൽ
പാടപോലെ കിടന്നുവെന്ന്
എവിടെയെങ്കിലും എഴുതണം എന്നുവെച്ചു.

തെരുവിലെ
ട്രാൻസ്ഫോർമറിൽ
കൊക്കുരച്ച്
ഒരു കിളി
വളരെ വൈകി തീറ്റതേടിയിറങ്ങുന്നത്
അവൾ കണ്ടുനിൽക്കുകയാണ്.

അയ്യോ
എന്തോരം നേരം വൈകിയാ
അതെണീറ്റിരിക്കുക
നിന്റെ കൂട്ടിലെന്താ
ഇതുപോലെ മാറാലയൊന്നുമില്ലേ
അവരെന്താ നിന്നെ
പുലർച്ചെ നാലരവെളുപ്പിന്
ഇങ്ങനെയിങ്ങനെ
തലോടില്ലേ
നിന്റെ വീട്ടിലേക്കും
ഇതാ ഇങ്ങനെയൊരു വിരുന്നുകാരൻ
വരില്ലേ
അയാളു നിന്റെ വീടിന്റെ
തിണ്ടത്തിരുന്ന്
കൊക്കോ കൊക്കോ കൊക്കോ
ഒച്ചയുണ്ടാക്കി ചുമയ്ക്കില്ലേ
അപ്പൊ നീ എണീക്കില്ലേ
അയാളാരാ
എന്താ
എവിടന്നാ

അവളൊന്നും
കണ്ടുനിൽക്കുന്നില്ല.

ഒരു പൂച്ച നടന്നു വരുന്നു.
മുരിങ്ങാമരത്തിന്റെ അടരുകളിൽ
അക്രമാസക്തമായി
നഖം കോർക്കുന്നു.
മുറിവു വെച്ചുകെട്ടുന്ന ജോലിയിൽ
അവൾ പെട്ടെന്നു പ്രവേശിക്കുന്നു.

ഉപമകളുടെ
ഒരു പോസ്റ്റോഫീസിലാണെനിക്കു പണി
ഇപ്പൊ വന്നതേയുള്ളൂ.
വിലാസമില്ലാത്ത കത്തുകൾ
തരം തിരിക്കുന്ന കൂട്ടത്തിൽ..
അത്..
ഞാൻ...
ഇന്നലെ..

പൂച്ചയോടുപറഞ്ഞ്
ഇറങ്ങി.
ന ട ന്നു.

Saturday, 7 March 2015

തൊട്ടിൽ

ഉറക്കം;
ഉറക്കത്തിന്റെ
മാറാലകൾ
മാറാലമാലകൾ
തട്ടിയും
വകഞ്ഞും
കഷ്ടപ്പെടുന്ന
ഒരാൾ തന്നെ
എന്നു കിട്ടുന്നു.

അസമയം
കിളികളിൽ
ചിലയ്ക്കുന്നതായും
കിളിക്കൂടുകൾ
ഉറക്കത്തിൽ പെട്ടവന്റെ
ചുണ്ടുകൾ പോലെ
ബോധമറ്റതായും.

ഉറക്കം
ഒരു റ്റ്യൂബ്‌ലൈറ്റ് 
കത്തിക്കുന്നു.
മിന്നി
മിന്നി
വലിക്കുന്നു.

പ്രതി/കവിത

ഒന്നിലേറെ 
കവിതകളെഴുതിയ 
ഒരു ദിവസമാണ് 
കടന്നു പോകുന്നത്. 

ജീൻസിൻറെ അടിമടക്കുകൾ 
നിവർത്തിയെടുക്കുമ്പോൾ 
പൊടിക്കു പകരം 
ചോര ചാടുന്നതിൽ
ഇന്ന് അത്ഭുതമില്ല.

വീട്ടിലേക്കുപോരുംവഴി
ആൾപ്പാർപ്പില്ലാത്ത
മറ്റു വീടുകളെ
ചൂലുകൊണ്ടടിച്ചു കൂട്ടി
മുറം വെച്ചു വാരുന്ന
ഒരാളെ
കണ്ടതായും
കണ്ടതായും
ഓർമ്മയിൽ
കാണുന്നു.

ഒരു കുട്ടി
അനേകം കുട്ടികളെ
അവരുടെ പുസ്തകങ്ങളിൽ
നിന്ന് ചീന്തി
വിമാനമാക്കിയത്
കാൽച്ചോട്ടിൽ
വീണു.

ഒന്നിലേറെ
എന്ന പ്രശ്നം
കാര്യമാക്കാതെ
ഈ ദിവസത്തിൻറെ
മൂക്കൊലിപ്പു
തുടയ്ക്കാൻ
പറിച്ചെടുത്തു കൊടുക്കാം
ഇവറ്റയെ.

Wednesday, 1 October 2014

തനിനിറങ്ങളുടെ കടൽ

നഗരം എന്ന രൂപകം
അനുവദിക്കുമെങ്കിൽ മാത്രം
അതിന്റെ ഓഫീസ് പരിസരങ്ങളിൽ നിന്നും
ഒറ്റ ദിവസത്തെ 
അവധി ചോദിച്ചുവാങ്ങാവുന്ന
ഒരു സാധാരണ ക്ലാർക്കിനെ
ഞാനിന്ന് കണ്ടുമുട്ടുകയുണ്ടാവും.

തികച്ചും നിർവികാരമായ
നിർവികാരതയുടെ തന്നെ ഫയലുകൾ
ഇങ്ങേരുടെ കണ്ണുകൾ.

അയാൾ
മുൻ വാതിൽ വഴി
എളുപ്പത്തിൽ കയറുന്ന ബസ്സിൽ
കഴിഞ്ഞ സ്റ്റോപ്പുമുതൽ
പിൻ വാതിൽ വഴി കയറിക്കൊണ്ടേയിരിക്കുന്ന
ഒരു നിരന്തരയാത്രക്കാരനായി
ഞാൻ
പ്രത്യക്ഷപ്പെടുന്നു.

എനിക്കിയാളെക്കൊണ്ട്
ഔദ്യോഗികമായ
ചില കാര്യങ്ങളുണ്ട്.

അന്നേ ദിവസം
എഴുതപ്പെടുന്ന 
മുഴുവൻ കവിതകളിലും
താനാണ് മുഖ്യകഥാപാത്രം
എന്ന ധാർഷ്ട്യം
ഇയാളെ
തെല്ലും ബാധിക്കുന്നില്ല.

ഇപ്പോഴുള്ളതിൽ നിന്ന് മാറി
കണ്ടക്ടർക്ക്
എളുപ്പത്തിൽ 
വരുത്താവുന്ന
ശബ്ദനിയന്ത്രണത്തെക്കുറിച്ചുള്ള ചിന്ത
ഇയാളെ
രസിപ്പിക്കുന്നില്ല.

ഔദ്യോഗികതയാണ്
ഇയാളെ ഞാൻ
പിന്തുടരാനുള്ള
ഒറ്റക്കാരണം.

വലിച്ചു വലിച്ചു
തീർക്കുന്നതിനു പകരം
കടിച്ചു കടിച്ചു തീർക്കുന്ന
സിഗരറ്റുകൾ,
ഇങ്ങേരുടെ 
നഖങ്ങൾ.

ഉണ്ട്..
ബസ്സ് സൌത്ത് സ്റ്റേഷൻ വഴി
തിരിയുമ്പോഴേക്കും
ഇയാൾ ചാടിയിറങ്ങുന്നുണ്ട്.

“ഭയം ഇയാളുടെ യാത്രാവാഹനം
     ‌‌-അതും വേഗത കുറഞ്ഞത്.
പെട്ടെന്ന് ചാടിയിറങ്ങുന്നവ ഇയാളുടെ കാലുകൾ
    -അതും മുൻ വാതിൽ വഴി മാത്രം “

ഇതത്രയും കുറിച്ചെടുക്കുന്നുണ്ട്
ഉപശീർഷകങ്ങൾ സഹിതം
ഔദ്യോഗികതയുടെ പേരിൽ
ഇരുന്നൂറു പേജിന്റെ ബുക്കിൽ.

അയാൾക്ക്,

ചോദിച്ചു വാങ്ങിയ ഒരവധിദിവസം
ഇനിയും ബാക്കികിടപ്പുണ്ടെന്ന കാര്യം
അവിടവിടെയായി 
കെട്ടിടങ്ങൾ
പണിയുന്ന
അന്യനാട്ടുകാർക്കുവരെ
ഒരു പ്രത്യേകനിമിഷം മനസ്സിലാകുന്നുണ്ട്.

തെരുവ്
നിവർത്തിവിരിക്കുന്ന
ഉപ്പുമാങ്ങാഭരണികൾ
ഇങ്ങേരുടെ
വിയർപ്പുതുള്ളികൾ.

അയാളുടെ കയ്യിൽ
മടക്കിപ്പിടിച്ച നിലയിൽ
കാണാവുന്ന
പ്ലാസ്റ്റിക് കവറിൽ 
എഴുതിവെയ്ക്കപ്പെട്ട 
ടെൿസ്റ്റെയിൽ‌സിന്
അന്നേരം
തീപ്പിടിക്കുന്നു.

അയാളുടെ
സിം കാർഡിന്റെ 
മുഴുവൻ റെയ്ഞ്ചും
ഒരു രാഷ്ട്രം
പിൻ‌വലിക്കുന്നു.

അയാൾ
ഉപയോഗിക്കുന്ന തരം
മൊബൈലുകൾ
ഈ പ്രത്യേക
സന്ദർഭത്തിൽ
ഹാങ്ങാവുന്നു.

അയാളുടേതിനോട്
സാമ്യമുള്ള 
അവയവങ്ങളോടു കൂടിയ
ശവങ്ങൾ
ഈ നിമിഷത്തിന്റെ
അനാഥശവങ്ങളായി
തിരിച്ചറിയപ്പെടാതാകുന്നു.

“ഭയം തന്നെ ഇയാളുടെ മടക്കയാത്രാവാഹനം
               -അതും വേഗത കുറഞ്ഞത്.
പെട്ടെന്ന് ചാടിയിറങ്ങുന്നവ തന്നെ
ഇയാളുടെ മടക്കയാത്രയ്ക്കുള്ള കാലുകൾ
   -അതു പക്ഷേ മുൻ‌വാതിലിലൂടെയും
    പിൻ‌വാതിലിലൂടെയും 
    കടന്നുകിട്ടുന്നില്ല”

Sunday, 8 June 2014

ഇന്റൻസീവ് കെയർ യൂണിറ്റ്

ഒരേയിടത്ത്
പല പല ലക്ഷ്യങ്ങൾക്കായി വന്ന
ഒന്നിലധികം
പരിചയക്കാർ
കണ്ടുമുട്ടുന്നതിലെ
അപകടസാദ്ധ്യതയോളം വരും.

മഴക്കാലമാണെന്നും
എന്നിട്ടും വേണ്ടപോലൊന്നും
പെയ്യുന്നില്ലെന്നും
മൂടിക്കെട്ടിയുള്ള നിൽ‌പ്പോളം വിരസമായി
ഇനിയെന്തോന്നു മഴ പെയ്യാനാണെന്നും
അപരിചിതനായ 
ഒരു ട്രാഫിക് പൊലീസുകാരൻ
വിളിച്ചു പറയുന്നെന്നു വെച്ചാൽ..?!

എന്നും ഒരേ നഗരത്തിനു മീതെ പറന്ന്
ഒരേ നഗരവാസികളുടെ മീതെ കാഷ്ടിച്ച് 
മടുത്തു മടുത്ത്
തൂവൽ പൊഴിച്ചു തുടങ്ങിയ
ഒരു പക്ഷിയെങ്കിലും
ദിനകൃത്യങ്ങളിലെ
മാറ്റത്തെക്കുറിച്ചു ചിന്തിച്ചാൽ..
ഇത്ര മുഷിഞ്ഞ 
ഈ വൈകുന്നേരം 
അതിന്റെ ഭിത്തി മുഴുവൻ
പുതിയ പെയിന്റുകൾ കൊണ്ട്
പരസ്യങ്ങൾ
വരഞ്ഞു തുടങ്ങും.

മറ്റു പക്ഷികൾ
കൂട്ടം ചേർന്ന് കൂട്ടം ചേർന്ന്
സിനിമയ്ക്കു കേറുന്നവരുടെ
ടിക്കറ്റുകൾ തട്ടിപ്പറിച്ചോ
ഷോപ്പിംഗിനിറങ്ങുന്നവരെ 
കൊത്തിക്കൊത്തി
കൊന്നുകളഞ്ഞോ
നഗരത്തെ മുഴുവൻ 
പ്രതിസന്ധിയിലാക്കിയേക്കാനും മതി..

അപകട സാധ്യത
ഒട്ടും തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത
ഒരു പാതയിൽ
ഗ്രനേഡ് എന്ന പേരിലൊരു ലൈൻബസ്സ്
സർവീസാരംഭിക്കുന്നതിനെക്കുറിച്ച്
എന്തു പറയുന്നു?

അപാകതകളില്ലെന്നോ
ഉണ്ടെന്നോ
പറയാനാവുമെന്നു കരുതരുത്.

ഉള്ളിൽ കടന്ന് വെറുതെയൊന്ന് നോക്ക്.

കുറിയ വള്ളികളുള്ള ഹാൻഡ് ബാഗുകൾ.
നിലം മുഴുവൻ ചിതറിപ്പരന്നുകിടക്കുന്ന
സാനിട്ടറി നാപ്കിനുകൾ.
ചുരണ്ടിച്ചുരണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ
റീച്ചാർജ് കൂപ്പണുകൾ.
അവയുടെ തീർന്നുപോയ 
കാലാവധികൾ.
നിന്ന നിൽ‌പ്പിൽ നിലച്ചു പോയ 
ഒരു കണ്ടക്റ്ററുടെ നീണ്ട കൈ.
(കൈ മാത്രം.)
അതിലേക്കു നീളുന്ന,
ചില്ലറത്തുട്ടുകൾ മുറുക്കിപ്പിടിച്ച 
മറ്റൊരു കൈ.
(കൈ മാത്രം.)

കുറ്റാന്വേഷകരുടെ പ്രസക്തി
താരതമ്യേന കുറഞ്ഞ

അപകടകരമായ വിജാഗിരികളിൽ
സ്വയം നിന്നു തിരിയുന്ന 
വൈകുന്നേര നഗരത്തിൽ..

ഗ്രനേഡ് എന്ന പേരിലൊരു ലൈൻ ബസ്സ്.

അസ്വാഭാവികതകൾ നിറഞ്ഞ
അതിന്റെ റൂട്ട് മാപ്പ്.

തെറിച്ചേക്കുമോ
പൊട്ടിപ്പൊട്ടി
കഷണങ്ങൾ കഷണങ്ങളായി തെറിച്ചേക്കുമോ
എന്ന് ശങ്കിക്കുന്നതിന്
മിനുട്ടുകൾ മുൻപ്

സൈലൻസറിലൂടെ
തഴച്ചു വളർന്നു വരുന്ന വള്ളിച്ചെടികൾ.

കുടയെടുക്കാൻ മറന്ന യാത്രികരെ
വീട്ടിലേക്കു പോയി
കുടയെടുത്തു മടങ്ങാ‍നനുവദിക്കും വിധം
അലസത നിറഞ്ഞ
ഗിയർ ബോക്സ്.

കിടക്കയ്ക്കു മുകളിലൂടെയൊരിസ്തിരിപ്പെട്ടിയുരച്ച്
കിടപ്പുമുറിയിൽ വന്നിരിക്കുന്ന 
മുഴുവൻ പ്രാണികളെയും 
പുതപ്പിൽ പതിപ്പിക്കുന്ന 
വൈകുന്നേര വിനോദം പോലൊന്ന്.

ഗ്രനേഡ് എന്ന പേരിലൊരു 
ലൈൻ ബസ്സ്.
സൈലൻസറിൽ വരെ 
വള്ളിപ്പടർപ്പുകൾ.

ഗിയർ ബോക്സിൽ 
പെട്ടെന്നു പെട്ടെന്നു മുളച്ചു വരുന്ന 
കുറ്റിച്ചെടികൾ.

പുതപ്പിലേക്ക് 
എന്നെയോ നിന്നെയോ 
എടുത്തു വെയ്ക്കുന്നതുപോലൊരു
വൈകുന്നേര വിനോദം.

നീയെന്നെഴുതുമ്പൊഴേക്കും
വലിച്ചു തള്ളുന്ന
സിഗരറ്റുകൾ.
വള്ളിപ്പടർപ്പുകൾ.
കുറ്റിച്ചെടികൾ.
വൈകുന്നേരം.

Tuesday, 1 April 2014

പ്രക്ഷേപണം

അടച്ചുറപ്പില്ലാത്ത 
മറ്റൊരു കൂട്ടിൽ
പക്ഷിസങ്കേതത്തിലെ 
വേനൽക്കാല പരിശീലകൻ
ഉറങ്ങിയെണീക്കുന്നതിനും മുന്നേ
പുറത്തുകടക്കുന്നു.

സിഗരറ്റുകൾ
പാതിക്കുവെച്ചു വളച്ച്
അയാൾക്കു തട്ടിക്കൂട്ടാവുന്ന 
ഇടത്തരം പുകക്കുഴലുകൾ
ഇന്ന് ഒരു പക്ഷിയേയും
പുകയ്ക്കില്ല.

ഇറച്ചി വാങ്ങാൻ 
വളർത്തുപക്ഷികളെ 
പറഞ്ഞയയ്ക്കുന്ന
നാട്ടിൽ നിന്ന്
ഒരു കപ്പു കാപ്പി
നിനക്ക് വരുത്തിത്തരാം.

നിന്റെയല്ല,
എന്റെ കൂട്ടിൽ നിന്ന്
മുന്തിയ ഒരു പക്ഷിക്കൂട്ടത്തെ 
കിടക്കയിലേക്ക് 
മലർത്തിയിട്ടുതരാം.

നക്ക്.

പ്രഭാത കൃത്യങ്ങളുടെ
ഈ പഴകിയ ഭാണ്ഡം
നിന്റെ കക്കൂസിന്റെ 
പിന്നാമ്പുറത്തെങ്ങാൻ 
കൊണ്ടുവെയ്ക്ക്.

പുറത്തുകടന്നേ പറ്റൂ എന്ന
നിർബന്ധത്തിനുമീതെ
ഒരു പക്ഷിയെ 
ഞെക്കിപ്പിടിച്ച്
കാഷ്ഠിപ്പിച്ച്
നിർബന്ധത്തെ കൂടുതൽ വഴുവഴുത്തതാക്കുന്ന
പണിയൊന്നും
നീ പഠിച്ചിട്ടില്ല.

ട്രെയ്നിംഗ് ക്ലാസ്സുകളിൽ 
കാട്ടുപക്ഷികളെപ്പോലും
തിരിച്ചു പിടിച്ചു വലിച്ച്
പുകവിടുന്ന കൂട്ടത്തിലായിരുന്നു,
നിന്റെ അപ്പനപ്പൂപ്പന്മാരൊക്കെ.

കമ്പിക്കൂടിനെ 
ജയിലഴികളോട്
സാമ്യപ്പെടുത്തിയാൽ പോര.
ഒരു ജയിൽ വാർഡനെക്കൂടി നിയമിക്കണം.

തൂപ്പുകാർക്ക് വേറേ പണിയുണ്ട്.

ഞാൻ കൈമാറിയവളെ
പറത്തിവിടുന്നെങ്കിൽ
അങ്ങനെ ചെയ്യ്.
ഒരു ലുങ്കിയെടുത്ത്
അവൾക്കു ചുറ്റിക്കൊടുക്ക്.
ഒരു റ്റ്യൂബ്ലൈറ്റ് കൊത്തിപ്പൊട്ടിച്ച്
ഒന്നോ രണ്ടോ കഷ്ണം
വായിൽ തിരുകിവെയ്ക്ക്.

തൊട്ടടുത്താണ് അവളുടെ വീട്.

പുതിയ പക്ഷിക്ക്
നിരർത്ഥൻ എന്നു പേരുകൊടുക്കാൻ
സൂപ്രണ്ടിനോട്
അനുവാദം ചോദിക്ക്.

ഞാൻ എന്തായാലും
പുറത്തു കടക്കുന്നു.