Saturday, 7 March 2015

ഫ്ലാഷ്ബാക്ക്

ഒന്നിലേറെ 
കവിതകളെഴുതിയ 
ഒരു ദിവസമാണ് 
കടന്നു പോകുന്നത്. 

ജീൻസിൻറെ അടിമടക്കുകൾ 
നിവർത്തിയെടുക്കുമ്പോൾ 
പൊടിക്കു പകരം 
ചോര ചാടുന്നതിൽ
ഇന്ന് അത്ഭുതമില്ല.

വീട്ടിലേക്കുപോരുംവഴി
ആൾപ്പാർപ്പില്ലാത്ത
മറ്റു വീടുകളെ
ചൂലുകൊണ്ടടിച്ചു കൂട്ടി
മുറം വെച്ചു വാരുന്ന
ഒരാളെ
കണ്ടതായും
വിട്ടുകളഞ്ഞതായും
ഓർമ്മയിൽ
കാണുന്നു.

ഒരു കുട്ടി
അനേകം കുട്ടികളെ
അവരുടെ പുസ്തകങ്ങളിൽ
നിന്ന് ചീന്തി
വിമാനമാക്കിയത്
കാൽച്ചോട്ടിൽ
വീണു.

ഒന്നിലേറെ
എന്ന പ്രശ്നം
കാര്യമാക്കാതെ
ഈ ദിവസത്തിൻറെ
മൂക്കൊലിപ്പു
തുടയ്ക്കാൻ
പറിച്ചെടുത്തു കൊടുക്കാം
ഇവറ്റയെ.