Saturday 1 November 2014

ആത്മകഥാപരമായി നോക്കുമ്പോൾ

ഒരേയൊരു കമ്പനം കൊണ്ട്
മരിച്ചുപോയേക്കാമെന്നു മോഹിച്ച്
മൊബൈൽഫോൺ
കൂടുതലാഴത്തിൽ
നെഞ്ചിലേക്കിറക്കുന്നു.

കണംകാലിൽ
പൂച്ചക്കുട്ടികൾ
ഉരുമ്മിച്ചവച്ചിട്ടു പോയ
ഞരമ്പുകളിൽ
താഴ്ത്തിവെച്ചാലും
കാര്യം നടന്നേക്കും.

മരിക്കണോ എന്നു സംശയിപ്പിച്ച്
ഇനിയിപ്പൊ മരിക്കണ്ടാ എന്നാണെങ്കിലും 
കൊന്നേ വിടൂ--എന്ന് സ്നേഹം ഭാവിച്ച്
എളുപ്പം കൊന്നു തരുവോളം
റെയ്ഞ്ച് സൂക്ഷിക്കുന്നതാണ്
അതിന്റെ നെറ്റ് വർക്ക്.

വളരെ വേഗം
പിടിച്ചെടുക്കാവുന്ന ഗ്രാഹികളിൽ
മൊബൈൽഫോൺ കുഴിച്ചിട്ട്
ഉറങ്ങാൻ കിടക്കുന്നവന്റെ മേൽ
ഒരു തുള്ളി വെള്ളം വീഴ്ത്താൻ
ഇവിടാരുമില്ല.

മരണം കാത്തുകിടക്കുന്ന
ഒരുത്തന്റെ ഉള്ളിൽ നിന്നും
പുറത്തുകടക്കുന്നത്
അനാകർഷകമായ ഒരു നോവൽ ഭാഗത്തിന്റെ
പുനരാഖ്യാനം മാതിരി
മുഷിഞ്ഞ പണിയാണെന്ന് കാണാം.

ഒരുവനിൽ നിന്ന്
മറ്റൊരുവനായി പുറത്തു കടന്ന്
ഇക്കണ്ട കോണിപ്പടികളെല്ലാം
ചവിട്ടിക്കേറിയിറങ്ങിയിറങ്ങുമ്പോഴേക്ക്
സ്വന്തം പേരുപോലും വെളിപ്പെടുത്താത്ത
എത്രയെത്ര
പല്ലികളാണ്
കാലിനടിയിൽ‌പ്പെട്ടു ചാവുന്നത്!

ഊടുവഴികളിൽ നിന്ന്
പൊതുസ്ഥലങ്ങളിലേക്കു കടക്കുമ്പോൾ
നെഞ്ചിൽ നിന്നോ
ഞരമ്പിൽ നിന്നോ
എനിക്കത്
കീശയിലേക്കു മാറ്റിയിടാനാവുന്നു.

ഒരുവനിൽ നിന്നിറങ്ങിപ്പോന്ന
മറ്റൊരുവനിൽ
കാര്യങ്ങൾ ഇത്രയൊക്കെയേ ഉള്ളൂ.

വീട്ടിലേക്കു കേറിവരുന്ന വളവിലെ അംഗനവാടിയിൽ നിന്ന്
പുറത്തേക്കെറിച്ചെറിച്ചു വരുന്ന
ഉപ്പുമാവുമണം പോലും
“ജീവിതം ജീവിതം--
അതിന്റെ നാൽക്കാലുകളിൽ കട്ടിൽ‌പ്പലകകൾ--
അതിനും മീതെ
കുഴിച്ചിട്ടമരണവുമായി
ഉറങ്ങാൻ കിടക്കുന്ന ഞാൻ,ഞാൻ”
എന്നോർമിപ്പിക്കുന്നു.

(എനിക്ക് ഇമ്മാതിരിപ്പണികളിൽ താല്പര്യം നശിച്ച മട്ടാണ്.
സ്വന്തം ശരീരമോ മനസ്സോ ആണെങ്കിൽ‌പോലും
കൂട്ടിക്കൊടുപ്പ് പൂർണ്ണമായും ഉപേക്ഷിച്ച്  
അപ്പോൾ അതുവഴി
അതിയാദൃച്ഛികരായ
ഒരു ലോഡ് യാത്രക്കാരുമായി
വരുന്നൊരു
ട്രാൻസ്പോർട്ടുബസ്സിൽ
മൊബൈൽ ടവറുകളുടെ പരിധിയിൽ വരാത്ത
ദൂരസ്ഥലങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

നെയിം ബോർഡിൽ
ഇന്നോളം കേട്ടിട്ടില്ലാത്ത പേരുക
എഴുതിയിട്ട
ഒരു ടാങ്കർ ലോറിയെ
റോഡ്
വളവിൽ എടുത്തുവെക്കുന്നത്
ദൂരെ നിന്ന് കാണുന്നു.