Wednesday, 1 October 2014

തനിനിറങ്ങളുടെ കടൽ

നഗരം എന്ന രൂപകം
അനുവദിക്കുമെങ്കിൽ മാത്രം
അതിന്റെ ഓഫീസ് പരിസരങ്ങളിൽ നിന്നും
ഒറ്റ ദിവസത്തെ 
അവധി ചോദിച്ചുവാങ്ങാവുന്ന
ഒരു സാധാരണ ക്ലാർക്കിനെ
ഞാനിന്ന് കണ്ടുമുട്ടുകയുണ്ടാവും.

തികച്ചും നിർവികാരമായ
നിർവികാരതയുടെ തന്നെ ഫയലുകൾ
ഇങ്ങേരുടെ കണ്ണുകൾ.

അയാൾ
മുൻ വാതിൽ വഴി
എളുപ്പത്തിൽ കയറുന്ന ബസ്സിൽ
കഴിഞ്ഞ സ്റ്റോപ്പുമുതൽ
പിൻ വാതിൽ വഴി കയറിക്കൊണ്ടേയിരിക്കുന്ന
ഒരു നിരന്തരയാത്രക്കാരനായി
ഞാൻ
പ്രത്യക്ഷപ്പെടുന്നു.

എനിക്കിയാളെക്കൊണ്ട്
ഔദ്യോഗികമായ
ചില കാര്യങ്ങളുണ്ട്.

അന്നേ ദിവസം
എഴുതപ്പെടുന്ന 
മുഴുവൻ കവിതകളിലും
താനാണ് മുഖ്യകഥാപാത്രം
എന്ന ധാർഷ്ട്യം
ഇയാളെ
തെല്ലും ബാധിക്കുന്നില്ല.

ഇപ്പോഴുള്ളതിൽ നിന്ന് മാറി
കണ്ടക്ടർക്ക്
എളുപ്പത്തിൽ 
വരുത്താവുന്ന
ശബ്ദനിയന്ത്രണത്തെക്കുറിച്ചുള്ള ചിന്ത
ഇയാളെ
രസിപ്പിക്കുന്നില്ല.

ഔദ്യോഗികതയാണ്
ഇയാളെ ഞാൻ
പിന്തുടരാനുള്ള
ഒറ്റക്കാരണം.

വലിച്ചു വലിച്ചു
തീർക്കുന്നതിനു പകരം
കടിച്ചു കടിച്ചു തീർക്കുന്ന
സിഗരറ്റുകൾ,
ഇങ്ങേരുടെ 
നഖങ്ങൾ.

ഉണ്ട്..
ബസ്സ് സൌത്ത് സ്റ്റേഷൻ വഴി
തിരിയുമ്പോഴേക്കും
ഇയാൾ ചാടിയിറങ്ങുന്നുണ്ട്.

“ഭയം ഇയാളുടെ യാത്രാവാഹനം
     ‌‌-അതും വേഗത കുറഞ്ഞത്.
പെട്ടെന്ന് ചാടിയിറങ്ങുന്നവ ഇയാളുടെ കാലുകൾ
    -അതും മുൻ വാതിൽ വഴി മാത്രം “

ഇതത്രയും കുറിച്ചെടുക്കുന്നുണ്ട്
ഉപശീർഷകങ്ങൾ സഹിതം
ഔദ്യോഗികതയുടെ പേരിൽ
ഇരുന്നൂറു പേജിന്റെ ബുക്കിൽ.

അയാൾക്ക്,

ചോദിച്ചു വാങ്ങിയ ഒരവധിദിവസം
ഇനിയും ബാക്കികിടപ്പുണ്ടെന്ന കാര്യം
അവിടവിടെയായി 
കെട്ടിടങ്ങൾ
പണിയുന്ന
അയൽ നാട്ടുകാർക്കുവരെ വരെ
ഒരു പ്രത്യേകനിമിഷം മനസ്സിലാകുന്നുണ്ട്.

തെരുവ്
നിവർത്തിവിരിക്കുന്ന
ഉപ്പുമാങ്ങാഭരണികൾ
ഇങ്ങേരുടെ
വിയർപ്പുതുള്ളികൾ.

അയാളുടെ കയ്യിൽ
മടക്കിപ്പിടിച്ച നിലയിൽ
കാണാവുന്ന
പ്ലാസ്റ്റിക് കവറിൽ 
എഴുതിവെയ്ക്കപ്പെട്ട 
ടെൿസ്റ്റെയിൽ‌സിന്
അന്നേരം
തീപ്പിടിക്കുന്നു.

അയാളുടെ
സിം കാർഡിന്റെ 
മുഴുവൻ റെയ്ഞ്ചും
ഒരു രാഷ്ട്രം
പിൻ‌വലിക്കുന്നു.

അയാൾ
ഉപയോഗിക്കുന്ന തരം
മൊബൈലുകൾ
ഈ പ്രത്യേക
സന്ദർഭത്തിൽ
ഹാങ്ങാവുന്നു.

അയാളുടേതിനോട്
സാമ്യമുള്ള 
അവയവങ്ങളോടു കൂടിയ
ശവങ്ങൾ
ഈ നിമിഷത്തിന്റെ
അനാഥശവങ്ങളായി
തിരിച്ചറിയപ്പെടാതാകുന്നു.

“ഭയം തന്നെ ഇയാളുടെ മടക്കയാത്രാവാഹനം
               -അതും വേഗത കുറഞ്ഞത്.
പെട്ടെന്ന് ചാടിയിറങ്ങുന്നവ തന്നെ
ഇയാളുടെ മടക്കയാത്രയ്ക്കുള്ള കാലുകൾ
   -അതു പക്ഷേ മുൻ‌വാതിലിലൂടെയും
    പിൻ‌വാതിലിലൂടെയും 
    കടന്നുകിട്ടുന്നില്ല”