Sunday, 8 June 2014

ഇന്റൻസീവ് കെയർ യൂണിറ്റ്

ഒരേയിടത്ത്
പല പല ലക്ഷ്യങ്ങൾക്കായി വന്ന
ഒന്നിലധികം
പരിചയക്കാർ
കണ്ടുമുട്ടുന്നതിലെ
അപകടസാദ്ധ്യതയോളം വരും.

മഴക്കാലമാണെന്നും
എന്നിട്ടും വേണ്ടപോലൊന്നും
പെയ്യുന്നില്ലെന്നും
മൂടിക്കെട്ടിയുള്ള നിൽ‌പ്പോളം വിരസമായി
ഇനിയെന്തോന്നു മഴ പെയ്യാനാണെന്നും
അപരിചിതനായ 
ഒരു ട്രാഫിക് പൊലീസുകാരൻ
വിളിച്ചു പറയുന്നെന്നു വെച്ചാൽ..?!

എന്നും ഒരേ നഗരത്തിനു മീതെ പറന്ന്
ഒരേ നഗരവാസികളുടെ മീതെ കാഷ്ടിച്ച് 
മടുത്തു മടുത്ത്
തൂവൽ പൊഴിച്ചു തുടങ്ങിയ
ഒരു പക്ഷിയെങ്കിലും
ദിനകൃത്യങ്ങളിലെ
മാറ്റത്തെക്കുറിച്ചു ചിന്തിച്ചാൽ..
ഇത്ര മുഷിഞ്ഞ 
ഈ വൈകുന്നേരം 
അതിന്റെ ഭിത്തി മുഴുവൻ
പുതിയ പെയിന്റുകൾ കൊണ്ട്
പരസ്യങ്ങൾ
വരഞ്ഞു തുടങ്ങും.

മറ്റു പക്ഷികൾ
കൂട്ടം ചേർന്ന് കൂട്ടം ചേർന്ന്
സിനിമയ്ക്കു കേറുന്നവരുടെ
ടിക്കറ്റുകൾ തട്ടിപ്പറിച്ചോ
ഷോപ്പിംഗിനിറങ്ങുന്നവരെ 
കൊത്തിക്കൊത്തി
കൊന്നുകളഞ്ഞോ
നഗരത്തെ മുഴുവൻ 
പ്രതിസന്ധിയിലാക്കിയേക്കാനും മതി..

അപകട സാധ്യത
ഒട്ടും തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത
ഒരു പാതയിൽ
ഗ്രനേഡ് എന്ന പേരിലൊരു ലൈൻബസ്സ്
സർവീസാരംഭിക്കുന്നതിനെക്കുറിച്ച്
എന്തു പറയുന്നു?

അപാകതകളില്ലെന്നോ
ഉണ്ടെന്നോ
പറയാനാവുമെന്നു കരുതരുത്.

ഉള്ളിൽ കടന്ന് വെറുതെയൊന്ന് നോക്ക്.

കുറിയ വള്ളികളുള്ള ഹാൻഡ് ബാഗുകൾ.
നിലം മുഴുവൻ ചിതറിപ്പരന്നുകിടക്കുന്ന
സാനിട്ടറി നാപ്കിനുകൾ.
ചുരണ്ടിച്ചുരണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ
റീച്ചാർജ് കൂപ്പണുകൾ.
അവയുടെ തീർന്നുപോയ 
കാലാവധികൾ.
നിന്ന നിൽ‌പ്പിൽ നിലച്ചു പോയ 
ഒരു കണ്ടക്റ്ററുടെ നീണ്ട കൈ.
(കൈ മാത്രം.)
അതിലേക്കു നീളുന്ന,
ചില്ലറത്തുട്ടുകൾ മുറുക്കിപ്പിടിച്ച 
മറ്റൊരു കൈ.
(കൈ മാത്രം.)

കുറ്റാന്വേഷകരുടെ പ്രസക്തി
താരതമ്യേന കുറഞ്ഞ

അപകടകരമായ വിജാഗിരികളിൽ
സ്വയം നിന്നു തിരിയുന്ന 
വൈകുന്നേര നഗരത്തിൽ..

ഗ്രനേഡ് എന്ന പേരിലൊരു ലൈൻ ബസ്സ്.

അസ്വാഭാവികതകൾ നിറഞ്ഞ
അതിന്റെ റൂട്ട് മാപ്പ്.

തെറിച്ചേക്കുമോ
പൊട്ടിപ്പൊട്ടി
കഷണങ്ങൾ കഷണങ്ങളായി തെറിച്ചേക്കുമോ
എന്ന് ശങ്കിക്കുന്നതിന്
മിനുട്ടുകൾ മുൻപ്

സൈലൻസറിലൂടെ
തഴച്ചു വളർന്നു വരുന്ന വള്ളിച്ചെടികൾ.

കുടയെടുക്കാൻ മറന്ന യാത്രികരെ
വീട്ടിലേക്കു പോയി
കുടയെടുത്തു മടങ്ങാ‍നനുവദിക്കും വിധം
അലസത നിറഞ്ഞ
ഗിയർ ബോക്സ്.

കിടക്കയ്ക്കു മുകളിലൂടെയൊരിസ്തിരിപ്പെട്ടിയുരച്ച്
കിടപ്പുമുറിയിൽ വന്നിരിക്കുന്ന 
മുഴുവൻ പ്രാണികളെയും 
പുതപ്പിൽ പതിപ്പിക്കുന്ന 
വൈകുന്നേര വിനോദം പോലൊന്ന്.

ഗ്രനേഡ് എന്ന പേരിലൊരു 
ലൈൻ ബസ്സ്.
സൈലൻസറിൽ വരെ 
വള്ളിപ്പടർപ്പുകൾ.

ഗിയർ ബോക്സിൽ 
പെട്ടെന്നു പെട്ടെന്നു മുളച്ചു വരുന്ന 
കുറ്റിച്ചെടികൾ.

പുതപ്പിലേക്ക് 
എന്നെയോ നിന്നെയോ 
എടുത്തു വെയ്ക്കുന്നതുപോലൊരു
വൈകുന്നേര വിനോദം.

നീയെന്നെഴുതുമ്പൊഴേക്കും
വലിച്ചു തള്ളുന്ന
സിഗരറ്റുകൾ.
വള്ളിപ്പടർപ്പുകൾ.
കുറ്റിച്ചെടികൾ.
വൈകുന്നേരം.